ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Saturday, June 16, 2007

ഒരു ഞായറാഴ്ച സ്വപ്നം

"ഇത്തിരി ഇതുക്കൂട്ട്‌ ഇരിപ്പമുണ്ട്‌, താല്‍പര്യമുള്ളവര്‍ക്കു എടുക്കാം."

പതിവു പോലെ ഞായറാഴ്ചയും സുജിത്തിന്റെ ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്‌. എന്തിനുമേതിനും അവനാ ഒറ്റ വാക്കുമതി.

മുണ്ടും പുതപ്പും വേര്‍തിരിച്ചെടുത്തു ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്കു നടന്നു. ആരെയും ഉണര്‍ത്തെരുതല്ലൊ?

പുട്ടും നനച്ച പൊടിയുമുണ്ട്‌ എന്നാണവന്‍ ഉദ്ദേശിച്ചതെന്നു അടുക്കളയില്‍ ചെന്നപ്പോല്‍ മനസ്സിലായി. എനിക്കു മുന്‍പെ ബിമലതു മനസ്സിലാക്കി എന്നുകൂടി മനസ്സിലായപ്പോള്‍ ഞാന്‍ പതിയെ വിടവാങ്ങി. ഇനിയവിടെ നിന്നിട്ടു കാര്യമില്ല.

പാവം! ബിമലിനീ വിശപ്പിന്റെ അസുഖമുണ്ടെ! അതുകൊണ്ടു അവന്റെ കിടപ്പു തന്നെ അടുക്കളേലേക്കു മാറ്റിയിരിക്കുകയാണ്‌ കുറച്ചു നാളായി.

ഇനിയാരെങ്കിലും ഉണരാനുണ്ടൊ? ബെന്‍സീര്‍ സുഖമായി ഉറങ്ങുന്നുണ്ട്‌. വിളിച്ചു നോക്കി. ഇന്നു രാവിലെ അവറാച്ചിയുടെ കടയില്ല. ഞായറാഴ്‌ചയല്ലെ? എന്തെങ്കിലും കിട്ടണമെങ്കില്‍ ജംഗ്ഷനില്‍ പോകണം. കൂട്ടിനൊരാളെ കിട്ടിയാല്‍ അത്രയുമായി.

സുജിത്‌ എന്തൊ പറഞ്ഞു, കൂടെ ഒരു ചുമയും. ഒന്നും വ്യക്തമായില്ല. പുട്ടും വായിലിട്ടു കൊണ്ട്‌ വിളിച്ചുകൂവിയാ ഇങ്ങനിരിക്കും. ഞാന്‍ മനസ്സില്‍ പറഞ്ഞു. എനിക്കു പുട്ടു കിട്ടാത്തതിലുള്ള പരിഭവം.

അടുത്തെത്തിയപ്പോള്‍ കാര്യം വ്യക്തമായി. ബെന്‍സീര്‍ കഴിച്ചിട്ടു കിടന്നുറങ്ങുവാ.

എല്ലാവരുടെയും ആര്‍ത്തിയെ പഴിച്ചിട്ടും എനിക്കു കിട്ടാത്തതിലുള്ള പരിഭവവുമായ്‌ ഞാന്‍ പുറത്തേക്കു പോയി.

ഭക്ഷണം കഴിച്ചുവന്നപ്പോഴേക്കും വീടുണര്‍ന്നു കഴിഞ്ഞിരുന്നു. ദൂരെനിന്നെ പാട്ടു കേട്ടു തുടങ്ങി.

പുണ്യവാന്‍ സമദിക്കായ്ക്കുണ്ടായി രണ്ട്‌ മക്കള്‍
ഒന്നാമന്‍ മുതുപാഴ്‌, രണ്ടാമന്‍ മറുപാഴ്‌...

ഫൈസിയാണ്‌ പാട്ടുകാരന്‍. പരിവാരങ്ങളെല്ലാരും കൂടി ഏറ്റ്‌ പാടുന്നു. എല്ലാവരും കൂടി ഒത്തുചേര്‍ന്നാലാദ്യം നൗഷാദാണ്‌ ഇര. പിന്നെ ഇരകള്‍ മാറിക്കൊണ്ടെയിരിക്കും. ആരിലും എപ്പോള്‍ വേണമെങ്കിലും ഇരയുടെ വേഷം അണിയിക്കപ്പെടാം.

ഞാന്‍ അടുക്കളയിലേക്കു പോന്നു. ഇന്ന് പാചകം ചെയ്യാനുള്ള ഊഴം എന്റേതാണ്‌. ഞാന്‍ അടുക്കളയുടെ ഒരു വശത്തു എഴുതി തൂക്കിയിട്ടിരിക്കുന്ന മെനുവിലേക്കു നോക്കി.

ഞായറാഴ്ച്ച :- ചോറും, ചിക്കന്‍ കറിയും മട്ടന്‍ പൊരിച്ചതും.

ഒരു നെടുവീര്‍പ്പോടെ ഞാനടുത്തു ചെന്നു ആദ്യത്തെ പേപ്പര്‍ മുകളിലെക്കു നീക്കി.

ഞായറാഴ്ച്ച :- ചോറും, പയറുകറിയും

ആദ്യത്തെ പേപ്പര്‍ വീട്ടിലേക്കു കടന്നു വരുന്നവര്‍ക്കു കാണാനുള്ളതാണ്‌. അടിയിലത്തേതു ഉണ്ടാക്കേണ്ടതും. ബെന്‍സീറിന്റെ ഓരൊ കലാപരിപാടികള്‍?

ഭക്ഷണത്തിനുള്ള സാധനങ്ങളെ അടുപ്പില്‍ കയറ്റിയിട്ടു ഞാനും കൂട്ടത്തിലേക്കു കൂടി. ഡെറിക്കും, രാകേഷും, ധനേഷും, നോയലുമൊക്കെ എത്തിയിട്ടുണ്ട്‌. ഇപ്പോഴത്തെയിര ബിമലാണ്‌. അവന്‍ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കു(അവര്‍ക്കുമാത്രം) ട്യൂഷന്‍ തുടങ്ങിയിട്ടു ഏറെയായില്ല. അസൂയാലുക്കളായ ഞങ്ങള്‍ക്കു കളിയാക്കുകയല്ലാതെ എന്തു ചെയ്യാന്‍ പറ്റും. അവനതാസ്വദിച്ചു കിടക്കുന്നു.

ഫൈസി തന്നെ വീണ്ടും പാടിത്തുടങ്ങി.
ഫാതിമാ..... ........
ഫാത്തിമയുടെ സ്ഥാനത്തു ഓരൊ പ്രാവശ്യവും ഓരൊ പേരുകള്‍. ഒടുവില്‍ ഒന്നിലങ്ങു ഉറപ്പിച്ചു.

ഏഴാം മൈലില്‍ വെറുതെയിരിക്കാതെ,
നിന്നെ ഞാന്‍ തേടിയെത്തും പൂമീനെ....
നോയലിന്റെ ഏറ്റുപിടുത്തത്തിനു ഫലമുണ്ടായി. ഇരയുടെ സ്ഥാനം ബിമലില്‍ നിന്നും നോയലിന്നായി. പാട്ടില്‍ പൂമീനിനു പകരം കരിമീനായി എന്നു മാത്രം.

അടുക്കളയില്‍ നിന്നും കൂവല്‍ കേട്ടു. ചെന്നു ചോറിറക്കി വെച്ചിട്ടു കുളിക്കാനായി നീങ്ങി.

പാരപണിയലുകള്‍ക്കു ഇടവേള നല്‍കിയെന്നു തോന്നുന്നു. ഇപ്പോള്‍ എല്ലാവരും നല്ല ഒരുമയിലാണ്‌. കുറെ പേര്‍ പേരമരത്തിലും മറ്റുള്ളവര്‍ ചാമ്പ മരത്തിലും. ഇടവേളകളില്‍ കൊറിക്കാനുള്ളതു മുറ്റത്തു തന്നെയുള്ളതെത്ര നന്നായി. ഇവിടുത്തെ ചാമ്പമരത്തിനു മുകളിലിരിക്കുമ്പോഴും കിഷോര്‍, അയലത്തെ ചാമ്പ മരത്തെയാണെന്നാലും വര്‍ണ്ണിക്കുക.

ഇതെന്തിരുറക്കമാ? സെക്കന്റ്‌ ഷോ കഴിഞ്ഞിട്ടു തന്നാ എല്ലാവരും കിടന്നുറങ്ങിയെ? എണ്ണീക്കടാ... എത്ര ഉറക്കം വന്നാലും രാവിലെ കൃത്യസമയത്ത്‌ എണീറ്റു വല്ലതും കഴിച്ചോളും. കാര്യത്തില്‍ മാത്രം എന്തു കൃത്യനിഷ്ട? രാവിലെ പുട്ടു കിട്ടാത്തതിലെ പരിഭവം എനിക്കപ്പോഴും തീര്‍ന്നിട്ടുണ്ടായിരുന്നില്ല.

ഞെട്ടിയുണര്‍ന്നു ഒരമ്പരപ്പോടെ അവനെന്റെ മുഖത്തേക്കു നോക്കി ഒരു ചോദ്യം. "നീയും ഇവിടെ ഉണ്ടായിരുന്നൊ?"

പിന്നെ ഞാന്‍ എവിടെ പോകാനാ? പോയി പല്ലു തേച്ചു കുളിക്കാന്‍ നോക്ക്‌.

അവന്റെ പതര്‍ച്ചയപ്പോഴും മാറിയിരുന്നില്ല. ഏതൊ സ്വപ്നം കണ്ടുകിടക്കുവായിരുന്നെന്നു മനസ്സിലായി. നല്ല വല്ല സ്വപ്നത്തിന്റെയും ഇടയിലാ ഞാന്‍ വിളിച്ചതെങ്കിലൊ? കൂടുതലൊന്നും ചോദിക്കാനും പറയാനും നില്‍ക്കാതെ ഞാന്‍ തടിയും രക്ഷിച്ചു കുളിക്കാനായി നീങ്ങി.

പിന്നെ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ അവന്‍ കഥ പറഞ്ഞു തുടങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ നേരുത്തെ പോയതാണ്‌ പ്രശ്നം. അവിടെ പ്രസംഗിച്ച വിഷയം പരലോകവുമായി ബന്ധപ്പെട്ടതായിരുന്നു. സ്വപ്നത്തില്‍, മരിച്ചു പോയ അവനെയവിടെ വിചാരണക്കു വിധേയനാക്കി. വിചാരണ തുടങ്ങിയപ്പോഴെ, എന്നേ എല്ലാം കൈവിട്ടു പോയി എന്ന കാര്യം മനസ്സിലായി. ഒടുവില്‍ നരകവാതിലില്‍ നടയടിയും കഴിഞ്ഞു വാതില്‍ തുറക്കുന്നതും കാത്തു നില്‍ക്കുമ്പോഴായിരുന്നു എന്റെ വിളി. എന്നെ അവിടെ അവന്‍ പ്രതീക്ഷിച്ചില്ല (എന്തു കൊണ്ടാണൊ എന്തൊ?). അറിയാതെയവന്‍ ചോദിച്ചുപോയി. "നീയും ഇവിടെ ഉണ്ടായിരുന്നൊ?"

ഭക്ഷണം വേഗത്തില്‍ തീര്‍ത്തു, അംഗശുദ്ദിവരുത്തി, എന്റെ നമസ്കാരപ്പായയുമായവന്‍ അടുത്ത മുറിയിലേക്കു നീങ്ങിയപ്പോള്‍ അറിയാതെ ചിരിച്ചു പോയി. ഓരോരൊ സ്വപ്നങ്ങളുടെ കഴിവെ?

Monday, June 11, 2007

പരീക്ഷാ കാലങ്ങള്‍

ഞാനാദ്യം കോളേജിലെത്തിയത്‌ ആദ്യ സീരീസ്‌ പരീക്ഷ തുടങ്ങുന്നതിന്നു തലേന്നാണ്‌. പിന്നെയാണ്‌ മനസ്സിലായത്‌ ഇത്‌ ജീവിതത്തിലെ പരീക്ഷാ സീരീസുകളുടെ തുടക്കമാണെന്ന്. പരീക്ഷകള്‍ വന്നെത്തും മുന്‍പെ പരീക്ഷകള്‍ മാറ്റാന്‍ നെട്ടോട്ടം ഓടിത്തുടങ്ങും. ഈ ഒരു കാര്യത്തില്‍ മാത്രം എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്‌. അതില്‍ രാഷ്ട്രീയ വ്യത്യാസങ്ങളുമില്ല. കഴിയുന്ന സഹായങ്ങള്‍ എല്ലാവരും ചെയ്യുകയും ചെയ്യും.

ഒരു മഴക്കാലത്തു പാതിരാത്രിയില്‍ പ്രിന്‍സിപ്പാളിനെ കണ്ട്‌ സീരീസ്‌ എക്സാം മാറ്റിവെക്കാന്‍ സമ്മതിപ്പിച്ചതിനെക്കുറിച്ചു പിന്നീട്‌ ഒരു അദ്ധ്യാപകന്‍ പറഞ്ഞതു ഇങ്ങനെയാണ്‌. "രാത്രിയിലെ വരവും അവന്മാരുടെ നില്‍പ്പും കണ്ടപ്പോള്‍ കോട്ടയം മുഴുവന്‍ വെള്ളത്തിന്നടിയിലായി എന്നു വിശ്വസിച്ചു പോയി. ചിലരെ കണ്ടപ്പോള്‍ അവരുടെ ആരൊക്കെയോ മരിച്ചൊ എന്നും സംശയിച്ചു"

യൂണിവേഴ്‌സിറ്റി പരീക്ഷ എത്തുന്നു എന്ന് അറിയേണ്ട താമസം, പരീക്ഷ ടൈം റ്റേബിള്‍സ്‌ തയ്യാറാക്കുന്ന തിരക്കായി. സപ്ലികളെ ഇടക്കു സൗകര്യമായ രീതികളില്‍ തിരുകി കയറ്റിയ ടൈം റ്റേബിള്‍സ്‌ എസ്‌.എം.എസ്‌ കളായി പാറി നടക്കുന്നതു കാണാന്‍ എന്തു ചന്തമാണ്‌. നമ്മള്‍ തന്നെ ശൃഷ്ടിച്ച എസ്‌.എം.എസ്‌കള്‍ തിരികെ വരുന്നതു എത്രപ്രാവശ്യം എന്നു കണക്കാക്കലാണ്‌ ചിലരുടെ വിനോദം.

ജീവിതത്തിനോടുള്ള കാഴ്ചപ്പാടുകള്‍ വലിയ വലിയ ചിന്തകളായി എഴുന്നള്ളുന്നതും ഈ സമയങ്ങളിലാണ്‌.
പഠിച്ചുകൊണ്ടിരിക്കുന്നവനെ കണ്ടാല്‍ ഫൈസിയുടെ ആദ്യ ചോദ്യം ഇങ്ങനെയായിരിക്കും.

"എന്തരെടെ?, വല്ലതും കഴിച്ചിട്ടും ഉറങ്ങിയിട്ടുമൊക്കെ പഠിച്ചാല്‍ പോരെ?, അല്ല നീയൊക്കെ എന്തിനാ പഠിക്കുന്നെ?"

ഇത്തിരി നിര്‍ത്തി ഉത്തരവും അവന്‍ തന്നെ പറഞ്ഞു തുടങ്ങും. അതിങ്ങനെയാണ്‌

"അല്ല, നമ്മളെന്തിനാ പഠിക്കുന്നെ? ഭാവിയില്‍ നല്ല ഭക്ഷണം കഴിക്കാന്‍, നന്നായിട്ട്‌ ഉറങ്ങാന്‍, പിന്നെ സുഖിക്കാനും. എന്നാല്‍ പിന്നെ അതൊക്കെ കഴിഞ്ഞിട്ടുള്ള പഠനം മതിയടേ..."

പകല്‍ എന്നെ വീട്ടില്‍ കണ്ടാല്‍ എക്സാം കാലമായെന്നു അയല്‍ വാസികള്‍ക്കു മനസ്സിലാവും. എവിടെ കിടന്നാലും നന്നായി ഉറങ്ങുന്ന എനിക്ക്‌ എക്സാമടുത്താല്‍ വീട്ടില്‍ കിടന്നാലെ ഉറക്കം വരൂ. ഒന്നും പഠിക്കാത്ത ഒരു വലിയ കൂട്ടതിനു നടുവില്‍ കിടക്കുമ്പോള്‍ എന്തൊരു സുരക്ഷിതത്വ ബോധമാണ്‌ ഉണ്ടാവുക എന്നു അനുഭവിച്ചു തന്നെ അറിയേണ്ടതാണ്‌. കൂടാതെ, എല്ലാം പഠിച്ചു കഴിഞ്ഞാലും, "ടാ..., ഒരു വകേം പഠിച്ചില്ലെടാ" എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ജോബിന്റെ വാക്കുകള്‍ (വിശ്വാസമില്ലെങ്കിലും) വളരെ ആശ്വാസം തരാറുണ്ട്‌.

ആദ്യ വര്‍ഷങ്ങളില്‍ പഠിക്കാനുള്ള ബുദ്ധിമുട്ടുമായ്‌ ഞാന്‍ വിഷമിച്ചു തളര്‍ന്നു കിടക്കുമ്പോള്‍, ബിമല്‍ ഒരാവേശത്തോടെ പുസ്തകങ്ങളെ പ്രണയിച്ചു നടന്നു. കോളേജില്‍ നിന്നു വന്നാലുടന്‍ തന്നെ പുസ്തകമെടുത്തിരിക്കുന്ന അവനെ ചെന്നു ചവിട്ടാന്‍ എത്ര പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്‌. ഒടുവില്‍ സ്വന്തം ആരോഗ്യ സ്ഥിതിയോര്‍ത്ത്‌ വേണ്ടായെന്നു വെക്കും. അവസാന കാലങ്ങളില്‍ ബിമലിനും കാര്യങ്ങള്‍ മനസ്സിലായി. പുസ്തകങ്ങള്‍ തുറന്നു മുഖത്തു വെളിച്ചം തട്ടാതെ വെച്ചു കിടന്നുറങ്ങുന്നതായി പിന്നീടുള്ള ശീലം.

അരണകളെപ്പോലെ അല്‍പ്പസമയം മാത്രം നിലനിക്കുന്ന ഓര്‍മ്മശക്തിയാണു ഏറെപ്പേര്‍ക്കും. പരീക്ഷക്കു കയറി എഴുതി തിരിച്ചിറങ്ങുമ്പോഴേക്കും അവയെല്ലാം മറന്നിട്ടുണ്ടാവും. എങ്കിലും നമ്മുടെ വിദ്യാഭ്യാസത്തില്‍ വിവരത്തെക്കാള്‍ മാര്‍ക്കിനു പ്രാധാന്യം ഉള്ളതിനാല്‍ രക്ഷപെട്ടു പോന്നു. പരീക്ഷക്കു കയറും മുന്‍പു സര്‍വ്വവും ഒരാവര്‍ത്തി പഠിപ്പിച്ചു വിട്ട പെങ്ങളുമാരെ എങ്ങനെ മറക്കും. പലപ്പോഴും ഞങ്ങള്‍ ജയിക്കെണമെന്ന നിര്‍ബ്ബന്ധം അവര്‍ക്കായിരുന്നു. ഏപ്രില്‍ ഫൂളിന്നു രാവിലെ വീട്ടിലേക്കു വിളിച്ചു കിട്ടാവുന്നതില്‍ ഏറ്റവും വലിപ്പമുള്ള പുസ്തകം (പേരെനിക്കു ഓര്‍മ്മയില്ല) കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടു എല്ലാവരും കൊണ്ടുവന്നു എന്നതു തന്നെ അവരുടെ ആത്മാര്‍ത്ഥതയ്ക്കു തെളിവാണ്‌.

ചോദ്യ പേപ്പര്‍ ചോര്‍ച്ചകള്‍ ഇന്നു വാര്‍ത്തകളല്ലാതായി തീര്‍ന്നിട്ടുണ്ട്‌. സീരീസിന്റെ ചോദ്യങ്ങള്‍ ചോര്‍ത്തലുകള്‍ എല്ലാവര്‍ക്കും ഒരു ഹരമായിരുന്നു. ചോദ്യങ്ങളിട്ട നിഷ്‌കളങ്കരായ അദ്ധ്യാപികമാരുമായ്‌ അല്‍പസമയ സൗഹൃത സംഭാഷണം കഴിഞ്ഞെത്തുന്ന വിരുതന്മാര്‍ മിക്കവാറും ചോദ്യത്തിന്റെ നമ്പര്‍ സഹിതമായിരിക്കും വിശദീകരിക്കുക. പറ്റിച്ച അദ്ധ്യാപകരും ഇല്ലാതില്ല എന്നതും സത്യം.

ഒന്നുമറിയാതെ പരീക്ഷ ഹാളില്‍ കയറുന്നതിനേക്കാള്‍ നല്ലതല്ലെ, ഉള്ള ചോദ്യങ്ങള്‍ക്കു ഇത്തിരി ഉത്തരവുമായിട്ടു പത്തുമിനിട്ട്‌ താമസിച്ചു കയറുന്നത്‌. ഒരു ചോദ്യപേപ്പര്‍ മുഴുവന്‍ സെക്കന്റുകള്‍കൊണ്ട്‌ ഹൃദിസ്ഥമാക്കുന്ന (കൈക്കലാക്കുന്ന) വിരുതന്മാര്‍ ഒരുപാടു പേരൊന്നും ഇല്ലായിരുന്നെങ്കിലും കിട്ടിയവ എല്ലാവരും എല്ലാവര്‍ക്കും വീതിച്ചു നല്‍കിയിരുന്നു. ഈ ഒരൊറ്റക്കാര്യത്തിലേ ഞാന്‍ അവിടെ സോഷ്യലിസ്റ്റുകളെ കണ്ടിട്ടുമുള്ളൂ. എന്തായാലും ആ പത്തു മിനിട്ടുകൊണ്ട്‌ പകുതി മാര്‍ക്കു നേടാന്‍ എല്ലാവര്‍ക്കും കഴിഞ്ഞിരുന്നു.

സ്ഥിരമായി ഉച്ചയൂണ്‌ സമയത്തു ഞാന്‍ ക്ലാസ്സില്‍ എത്തിച്ചേരും. ഇല്ലെങ്കില്‍ പട്ടിണി കിടക്കേണ്ടി വരികയൊന്നുമില്ല, എന്നാലും, ഒരുപാട്‌ കറികളും, വിവിധ തരത്തിലുള്ള ചോറുകളും (ഇതിലൊന്നും എന്റേതാവില്ല) സ്വാദിഷ്ടമായ പരദൂഷണങ്ങളും ചേര്‍ത്തുള്ള ഊണ്‌ നഷ്ടപ്പെട്ടു പോവരുതല്ലൊ? സ്ഥിരമായി ക്ലാസ്സില്‍ കയറുന്ന മറ്റൊരു സമയം സ്റ്റഡീലീവിന്റെ സമയമാണ്‌. ഒട്ടുമിക്കവരും അപ്പോള്‍ ക്ലാസ്സിലുണ്ടാവും. ചിലര്‍ അദ്ധ്യാപകരുടെ വേഷത്തിലും ചിലര്‍ കുട്ടികളുടെ വേഷത്തിലും. പഠനം അപ്പോഴാണ്‌ നന്നായി നടക്കുക. ഒപ്പം ഇടസമയങ്ങളില്‍ ഓരോരുത്തരുടെ കഴിവുകളും മനസ്സിലാക്കാം.

ക്ലാസ്സില്‍ കയറുമ്പോഴല്ലെ അവിടെയുള്ളവരുടെ കഴിവുകള്‍ മനസ്സിലാവൂ. നിങ്ങള്‍ കൈ നോട്ടക്കാരെ കണ്ടിട്ടില്ലെ? പക്ഷെ കയ്യക്ഷരം നോട്ടക്കാരെ കണ്ടിട്ടുണ്ടാവില്ല. കയ്യക്ഷരം നോക്കി സ്വഭാവം പറയുന്ന ഒരു കൂട്ടുകാരിയുണ്ട്‌. ഇന്റര്‍വ്യൂ ചെയ്യാനെത്തിയ മള്‍ട്ടിനാഷണല്‍ കമ്പനിക്കാരന്റെ കയ്യക്ഷരം നോക്കിപ്പറഞ്ഞു ഒടുവില്‍ ജോലിയും നേടി. അവിടെയും അതുതന്നെയാണൊ പണി എന്നറിയില്ല.

ഫൈസി ഇടക്കിടക്കു പുസ്തകത്തിന്റെ താളുകളില്‍ തടവിയ കൈ, നെഞ്ചിലും തലയിലും വെക്കുന്ന കാണാം. ഒടുവില്‍ ഇങ്ങനെയൊരു ആത്മഗതവും ഉണ്ടാവും. "....., ഇങ്ങനൊന്നു ചെയ്താല്‍ എല്ലാം മനപ്പാഠമാകുമായിരുന്നെങ്കില്‍?".

ക്ലാസ്സില്‍ ചിലരുണ്ട്‌. എത്ര വേഗത്തിലാണവര്‍ ഓരൊ പേജും ഹൃദിസ്ഥ്മാക്കി താളുകള്‍ മറിക്കുക. പരീക്ഷ പേപ്പറിലെ ഉത്തരങ്ങളോടാരും ചോദ്യങ്ങളും, വിശദീകരണങ്ങളും ചോദിക്കാത്തതു ഭാഗ്യം.

ആദ്യവര്‍ഷങ്ങളില്‍ ഏഴാം മൈലിലെ അന്തേവാസിയായിരുന്ന നാടന്‍പാട്ടുകാരന്‍ ഹോസ്റ്റലിലേക്കു മാറിയത്‌ ആ വര്‍ഷത്തെ തിയറി പരീക്ഷ കഴിഞ്ഞായിരുന്നു. കൂടെയുണ്ടായിരുന്ന നിഷാദ്‌, "ഉറക്കം വരുന്നല്ലോടാ, എന്തു ചെയ്യും?" എന്നു ചോദിച്ചാല്‍ അല്‍പ്പം സമയത്തിനുള്ളില്‍, അതുവരെ പഠിച്ചുകൊണ്ടിരുന്ന നമ്മുടെ പാട്ടുകാരന്‍, ഉറക്കം വന്നാല്‍ ചെയ്യേണ്ടതെന്തെന്നു കാണിച്ചു കൊടുത്തിരിക്കും. ആ കൂര്‍ക്കം വലിയുടെ ശബ്ദം കാരണം നിഷാദിന്റെ ഉറക്കവും പമ്പകടക്കും. അതുവരെ എല്ലാ വിഷയങ്ങളും ആദ്യം തന്നെ ജയിച്ചയാള്‍ അപ്രാവശ്യം ഹോസ്റ്റലില്‍ നിന്നും പോയി എഴുതിയ രണ്ട്‌ ലാബ്‌ പരീക്ഷകളിലും പരാജയപ്പെട്ടു ആഘോഷപൂര്‍വ്വം ഹോസ്റ്റല്‍ ജീവിതം തുടങ്ങിയതും ചരിത്രം.

ഇതിനു വിപരീതമാണു 'ഇതുക്കൂട്ട്‌'-ന്റെ ചരിത്രം. ഏഴാം മൈലില്‍ ഞങ്ങളോടൊപ്പമെത്തിയതില്‍ പിന്നെയാണ്‌ മാര്‍ക്കുകള്‍ കൂട്ടിയെഴുതിയ മാര്‍ക്ക്‌ ലിസ്റ്റുകള്‍ കിട്ടി തുടങ്ങിയത്‌. ഏതു വാക്കുകള്‍ക്കും, സാധനങ്ങള്‍ക്കും പകരം ഇതുക്കൂട്ട്‌ എന്ന വാക്ക്‌ ഉപയോഗിക്കുന്ന, ഏതു കൂട്ടത്തിലും ആര്‍ക്കുപകരവും വെക്കാവുന്ന സരസനായ ഒരു സാദാ കാഞ്ഞിരപ്പള്ളിക്കാരനാണ്‌ കക്ഷി.

പരീക്ഷയെന്നാ? ഈ ചോദ്യത്തിനു ഒരിക്കലും അടുത്ത മാസം എന്നതില്‍ കൂടിയ ഒരു കാലയളവു ഒരിക്കലും പറയാന്‍ അവസരം നല്‍കാറില്ല നമ്മുടെ പ്രൊഫഷണല്‍ വിദ്യാഭ്യാസം. ഒരു പക്ഷേ, പരീക്ഷകള്‍ മാറ്റിവെക്കപ്പെട്ട്‌ മാസങ്ങള്‍ തന്നെ ലഭിച്ചേക്കാം. എന്നാലും എപ്പോഴും തലക്കുമുകളില്‍ ഒരു മാസത്തിന്റെ ദൂരത്തില്‍ പരീക്ഷ എന്ന വാള്‍ തൂങ്ങി കിടക്കും.

റിസള്‍ട്ട്‌ വന്നാല്‍ മനസ്സിലാക്കാന്‍ കഴിയുക അടുത്ത പരീക്ഷയെത്തി എന്നാണ്‌. മാര്‍ക്‌ലിസ്റ്റ്‌ എത്തിയാല്‍, അടുത്ത പരീക്ഷക്കു ഫീസ്‌ അടക്കാനുള്ള തീയതി അടുത്തയാഴ്ചയാണെന്നും മനസ്സിലാക്കാം. എങ്കിലും എനിക്കു മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയോട്‌ നന്ദിയാണുള്ളത്‌. ജയിക്കും എന്നുറപ്പിച്ച വിഷയങ്ങളൊന്നും തോറ്റിട്ടില്ല. ഉറപ്പില്ലാത്ത പലതും ജയിച്ചിട്ടുമുണ്ട്‌. കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവാത്ത, സഹായിക്കാത്ത ഒരു ഉദ്യോഗസ്തനെയും ഞാന്‍ അവിടെ കണ്ടിട്ടില്ല. ഒരുപാട്‌ കാര്യങ്ങള്‍ക്കു യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടിട്ടും മറിച്ചൊരു അനുഭവം ഉണ്ടായിട്ടില്ല. ഒരുപാട്‌ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ടിട്ടുള്ളതില്‍ വളരെ ഭേദപ്പെട്ടതായിരുന്നു എം.ജി യൂണിവേഴ്‌സിറ്റി. ഒരു പക്ഷെ, ഞങ്ങളെ പരിചയപ്പെടുത്തിയവരും അവരും തമ്മിലുള്ള ബന്ധമായിരിക്കുമതിനു സഹായിച്ചത്‌.

പരീക്ഷയെ കുറിച്ചു ഓര്‍മ്മിക്കുമ്പോള്‍,ക്യാമ്പസ്സിലെ ആദ്യ ആത്മഹത്യയെ ഓര്‍ക്കാതിരിക്കാനാവില്ല. പരാജയങ്ങള്‍ സര്‍വ്വനാശമാകുന്നതു അന്നാണ്‌ ആദ്യമായ്‌ തൊട്ടറിഞ്ഞത്‌. കൂട്ടുകാരില്‍ ചിലരെ മരണം രോഗങ്ങളായും അപകടങ്ങളായുമെത്തി കൂട്ടിക്കൊണ്ട്‌ പോയിട്ടുണ്ട്‌. ആദ്യമായിട്ടാണ്‌ ഇതുപോലെയൊന്ന്. നമുക്കു, നേരാന്‍ ശാന്തി മന്ത്രങ്ങള്‍ മാത്രം ബാക്കി...

Saturday, June 2, 2007

അല്‍പ്പം വികൃതികളുടെ ഓര്‍മ്മകള്‍.......

ഏഴാം മൈലില്‍ ആയിരുന്നു കോട്ടയത്തെ പഠനകാലത്തെ താമസം. റബ്ബര്‍ മരങ്ങള്‍ക്കു നടുവില്‍ ശാന്തമായ സ്ഥലത്തു ധാരാളം മുറികളുള്ള ഒരു പഴയ തറവാട്‌. എല്ലാ പരീക്ഷകളും(അതു സീരീസൊ, സീരിയസൊ ആകട്ടെ) അവിടെ ആഘോഷങ്ങളായിരുന്നു. അവിടുത്തെ താമസക്കാരില്‍ ഇലക്ട്രോണിക്സുകാരായി ബിമലും ഞാനും. ഇലക്ട്രിക്കല്‍കാരായി ബെന്‍സീര്‍, നൗഷാദ്‌, സുജിത്‌ തുടങ്ങിയവരും. വാടക തരാത്ത സ്ഥിര താമസക്കാരായി ഫൈസി, കിഷോര്‍, രഞ്ജിത്ത്‌, ജോബിന്‍ എന്നിവരും. ഏഴാം മൈലില്‍ മറ്റിടങ്ങളിലെ അന്തേവാസികളായിരുന്ന ധനേഷ്‌, നോയല്‍, റോബി, രാകേഷ്‌, ഡെറിക്‌ എന്നിവരും ഇടക്കാലങ്ങളിലെ ആഘോഷമായി അഭിലാഷ്‌, നിഷാദ്‌, ജുനൈസ്‌, കാംചലബ്ധന്‍,അനീഷ്‌, കെല്‌വിന്‍, ജിനേഷ്‌ തുടങ്ങിയവരും, എല്ലാവരും പഠിച്ചതു ചോര്‍ത്തിക്കൊണ്ടുപോകാന്‍ സ്ഥിരമായി അവസാന ദിവസം മാത്രം എത്തുന്ന ജേക്കബ്‌, ഇനി എന്തെങ്കിലും പഠിക്കാന്‍ ഉണ്ടോ എന്നറിയാന്‍ എത്തുന്ന വിപിന്‍ കോര, പഠിച്ചതു ബാക്കിയുള്ളവരെ പഠിപ്പിക്കാനും എന്നെ ചുരുട്ടിക്കൂട്ടി ഒരുമൂലക്കാക്കി പരീക്ഷയുടെ പിരിമുറുക്കം കുറക്കാനുമായി എത്തുന്ന എഡ്‌വിന്‍, പരീക്ഷ സമയങ്ങളില്‍ പഠിക്കുക എന്ന ഒറ്റ ഉദ്ദേശവുമായി എത്തി നിരാശനായി മടങ്ങുന്ന കൊച്ചു വിഷ്ണു, വലിയവലിയ കാര്യങ്ങളും വലിയ പുസ്തകങ്ങളും വളരെ വേഗത്തിലുള്ള സംസാരവുമായി എത്തുന്ന വലിയ വിഷ്ണു, കയറ്റം കയറാന്‍ പാടുപെടുന്ന ഒരു വണ്ടിയുമായി (വണ്ടിയുടെ കുഴപ്പമാണൊ?) ഇടക്കിടെ വന്നെത്തി കുറെ ചിരിച്ചു തീര്‍ത്തും അവിടുള്ള വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ത്തും പോകുന്ന എമില്‍ എന്നിവര്‍. ഇവരൊക്കെയാണു അവിടുത്തെ സ്ഥിരം സാന്നിദ്ധ്യങ്ങള്‍.

പരീക്ഷകളുടെ ഇടദിനങ്ങളിലാണു മിക്കവാറും വികൃതികള്‍ക്കു തുടക്കം. അതിനു ഇലക്ട്രിക്കല്‍സെന്നോ ഇലക്ട്രോണിക്സ്‌കാരെന്നൊ വ്യത്യാസമില്ല. ഇതിലെല്ലാം സജീവ സാന്നിദ്ധ്യമായിട്ടുള്ളത്‌ ബിമലിന്റെ 14" ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ മോണിറ്ററുള്ള കമ്പ്യൂട്ടറാണ്‌. അതിലെ പടങ്ങളെ നോക്കിയാണു ഞങ്ങള്‍ പടങ്ങള്‍ വരച്ചത്‌. അതില്‍ തന്നെയാണു ക്വിസ്‌ ചോദ്യങ്ങളും മറ്റും സൃഷ്ടിക്കപ്പെട്ടതും.

കാമ്പസ്സുകളില്‍ വികൃതികള്‍ക്കു ഒപ്പമുണ്ടായിരുന്നവര്‍ ഏറെയാണ്‌.
ദര്‍പ്പണം മാഗസിനിലെ സജീവ സാന്നിദ്ധ്യമായി കാംചലബ്ദന്‍, നിര്‍മല, ധനേഷ്‌, ദീപ, ഹന്‍സ തുടങ്ങിയവര്‍....

അത്തപ്പൂക്കളങ്ങളുടെ നിര്‍മ്മാണങ്ങളില്‍ അനീഷായിരുന്നു സജീവ സാന്നിദ്ധ്യം. സ്റ്റാര്‍ട്‌ ചെയ്തു നിര്‍ത്തിയ വണ്ടിയുടെ വെളിച്ചത്തില്‍ തുമ്പപ്പൂ പറിക്കുന്നതും പാതിരാത്രിയില്‍ മരങ്ങളില്‍ കയറുന്നതും ഓര്‍ക്കാനിന്നു എന്തു സുഖം.

ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന വലിയ ഒരു കൂട്ടായ്മ നിഖില്‍ രാജിന്റെയും റിന്‍സിയുടെയും നേതൃത്തത്തില്‍ അനീഷ്ം എല്‍ദൊസ്ം റ്റീനയുമൊന്നിച്ച്‌ ചെയ്ത വെര്‍റ്റ്യൊസൊയുടെ ബാക്ക്‌ സ്റ്റേജിന്റെ ജോലിയാണ്‌.

ഇവയിലുള്‍പ്പെടുത്തിയിരിക്കുന്ന ഒട്ടുമിക്ക പടങ്ങള്‍ക്കുവേണ്ടി ഞാനാദ്യം വിളിച്ചതും ശേഖരിച്ചു തന്നതും വിഷ്ണു ആണ്‌. അതിന്റെ നന്ദി കൂടി ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.

ഇതില്‍ ഉള്‍പ്പെടുത്താന്‍ പട്ടുന്ന പടങ്ങള്‍ ഏതെങ്കിലും നിങ്ങളുടെ കൈകളിലുണ്ടെങ്കില്‍ ദയവായി അയച്ചു തരിക.

ഇവിടെ വികൃതികളുടെ ഓര്‍മ്മകള്‍ ഞാന്‍ നിര്‍ത്തുന്നു, ഇനി ഇതു തുടരേണ്ടതു നിങ്ങളാണ്‌. നിങ്ങളുടെ ഓര്‍മ്മകള്‍, അഭിപ്രായവും എഴുതുക.....

പഴയ ചില വികൃതികള്‍