ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Thursday, January 21, 2010

ബാലന്‍ മാഷിന്റെ ശുഷ്കാന്തി.

വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങിയാല്‍ നേരെ മ്യൂസിയത്തിലേക്ക് പോകുന്ന ശീലം തിരുവനന്തപുരത്തു വന്നന്നു തുടങ്ങിയതാണ് ‍. മ്യൂസിയത്തിലുണ്ടാവുമെന്നു പറഞ്ഞു സഹമുറിയന്മാരായ ബാലനും ഷിബുവും ഓഫീസില്‍ നിന്നും ഇറങ്ങിയിട്ടു ഏറെനേരവുമായി. മ്യൂസിയത്തിലെത്തിയപ്പോള്‍, പണ്ടു അശോകമരച്ചോട്ടില്‍ രാമന്‍ സീതയെ കാത്തിരുന്നതു പോലെ അവിടത്തെ അശോകമരത്തണലില്‍ അവരിരിക്കുന്നതു ഞാന്‍ ദൂരെ നിന്നേ കണ്ടു.

മ്യൂസിയത്തിലുണ്ടെന്നു കൂട്ടുകാര്‍ അറിയിച്ചാലതു ഈ അശോകമരത്തണലിലാണെന്നു അന്നു പ്രത്യേകിച്ചു പറയേണ്ടതില്ലായിരുന്നു. സീതയും രാധയുമൊന്നും വരില്ലെങ്കിലും കൂട്ടുകാരായ എല്ലാ രാമന്മാരും കൃഷ്ണന്മാരും അന്നൊക്കെ വൈകുന്നേരങ്ങളില്‍ അവിടത്തെ നിത്യ സന്ദര്‍ശകരായിരുന്നു.

അടുത്തെത്തിയപ്പോള്‍ അവരുടെ മുഖത്തു കണ്ടതു രാമന്റെ ദു:ഖമല്ല, പകരം രാധയെ കാണുമ്പോഴുള്ള കൃഷ്ണന്റെ ആഹ്ലാദം.

രാമലക്ഷ്മണന്മാര്‍ ഇന്നു വളരെ സന്തോഷത്തിലാണല്ലോ? അല്ലാ, ഏതെങ്കിലും സീതമാരെ തടഞ്ഞോ? ചിരിച്ചു മറിയുന്ന ഷിബുവിനെ നോക്കി ഞാന്‍ ചോദിച്ചു.

ഇല്ലളിയാ, ഇന്നിവിടെ ശൂര്‍പ്പണഹമാരേയുള്ളൂ.... പിന്നെ ചിരിപ്പിക്കാന്‍ ഈ വടിവേലുവും. അവന്‍ ചിരി നിര്‍ത്താതെ മറുപടി പറഞ്ഞു.

പിന്നെ, എന്തായിരുന്നൊരു അട്ടഹാസം? അങ്ങു, റോഡില്‍ നിന്നേ കേട്ടല്ലോ ? -എന്റെ ചോദ്യം.
അതോ, അതു ഈ ബാലന്മാഷിനെ പാട്ടുപടിപ്പിച്ചതാ?

ഓഹോ, ഒന്നു പാടിയേ ബാലാ, ഞാനൊന്നു ചിരിക്കട്ടെ.

ബാലന്‍ പാടിത്തുടങ്ങി.

“കരിമിളിക്കുരുവിയെ കണ്ടില്ലാ....
ചിരിമൊളിച്ചിലമ്പൊളി കേട്ടില്ലാ....“

‘ഴ‘ യിക്കു പകരം കൂളായിട്ടു ‘ള’യിട്ട പാട്ടു കേട്ടപ്പൊഴേ എനിക്കു ചിരി പൊട്ടി.

പിന്നെ ബാലനെന്ന തമിഴനായ കൂട്ടുകാരനെ ഷിബു, ‘ഴ’ എന്ന അക്ഷരം പഠിപ്പിക്കാന്‍ തുടങ്ങി.

ഞാനൊന്നു കറങ്ങി വരുംബോഴും ഷിബു ‘ഴ’യും ബാലന്‍ ‘ള’യും പറഞ്ഞിരിക്കുന്നു.

ഡേ, ഇതിന്നൊന്നും തീരുമെന്നു തോന്നുന്നില്ലല്ലോ ഷിബുവേ?
“ഏയ്, പ്രതീക്ഷക്കു വകയുണ്ട്. ഇവനെന്നെങ്കിലും ശരിയാവും, എന്തായാലും ബാലനു നല്ല ശുഷ്കാന്തിയുണ്ട്.“ ഷിബുവിന്റെ സര്‍ട്ടിഫിക്കറ്റ്.

ശുഷ്കാന്തിയുടെ അര്‍ത്ഥം തിരഞ്ഞു മിനക്കെടാനൊന്നും ബാലന്‍ പോയില്ല. സാഹചര്യമനുസരിച്ചു അതിനൊരു നല്ല അര്‍ത്ഥമാണെന്നും, അതൊരു അഭിനന്ദനമാണെന്നും അവനു മനസ്സിലായി. അഭിമാനത്തോടെ അവന്‍ ഞങ്ങളോടൊത്തു നടന്നു.

പിന്നീട്, അലഞ്ഞുതിരിഞ്ഞു കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ എത്തി. അവിടെയൊരു മിമിക്സ് പരിപാടി നടക്കുന്നു. അതിലെ കലാകാരന്മാര്‍ നാട്ടിന്‍ പുറത്തെ എല്‍.പി.സ്കൂള്‍ അദ്ധ്യാപകനായ “ബാലന്മാഷിന്റെ ശുഷ്കാന്തി“ വിവരിക്കുകയാണു. നല്ല മനോഹരമായ അവതരണം.

ബാലന്മാഷിന്റെ കഥ എന്നു കേട്ടതും ബാലനു ഉത്സാഹം കൂടി. അതും ഷിബു കുറച്ചു മുന്‍പ് തനിക്കുണ്ടെന്നു പറഞ്ഞ ‘ശുഷ്കാന്തിയെ‘ കുറിച്ചുള്ള കഥ. ബാലന്‍ ശുഷ്കാന്തിയോടെ ചെവികൂര്‍പ്പിച്ചു നിന്നു.

സ്റ്റേജില്‍ ഒരു റ്റീച്ചര്‍, പിരിഞ്ഞുപോകുന്ന ബാലന്മാഷിനെ പുകഴ്ത്തി സംസാരിച്ചു തുടങ്ങി.

“അന്നൊരു ദിവസം, അതിഭയങ്കരമായി തകര്‍ത്തുപെയ്യുന്ന മഴ. സ്കൂള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നു. കുട്ടികളും അദ്ധ്യാപകരും എന്തു ചെയ്യണമെന്നറിയാതെ മുകളിലേക്കു നോക്കി നിന്നു. അപ്പോള്‍, ഒന്നും ആലോചിച്ചു സമയം കളയാതെ ബാലന്മാഷ് മുണ്ടു മടക്കിക്കുത്തി കെട്ടിടത്തിന്റെ ഉത്തരത്തിലേക്കു വലിഞ്ഞു കയറി പൊട്ടിയ ഓടൊക്കെ മാറ്റിയിട്ടു. അപ്പോള്‍ മുകളിലേക്കു നോക്കി നിന്ന അദ്ധ്യാപകരും കുട്ടികളും വായ പൊളിച്ചു നിന്നു കണ്ടു.“

എന്തു?

രണ്ടാമന്‍ കൈമലര്‍ത്തി.

അതേ, നമ്മളെല്ലാവരും വാ പൊളിച്ചു നിന്നു കണ്ടില്ലേ...., ബാലന്മാഷിന്റെ ശുഷ്കാന്തി.

പറച്ചിലിന്റെ സ്റ്റൈലും പറയുന്നയാളിന്റെ ഭാവവുമെല്ലാം കൂടിച്ചേര്‍ന്നപ്പോള്‍, പതിയെ ശ്രോതാക്കളില്‍ ചിരിപൊട്ടി. അവര്‍ ആര്‍ത്തു ചിരിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഞങ്ങളുടെ ബാലന്മാഷ് മാത്രം വായയും പൊളിച്ചു നിന്നു. പിന്നെ സംശയത്തോടെ ഷിബുവിനെ നോക്കി.

എന്നിട്ടു പതിയെ ഷിബുവിന്റെ അടുത്തെത്തി ചോദിച്ചു.
ആക്ച്യുലി, എന്താ ഈ ശുഷ്കാന്തി?

കുറച്ചു മുന്‍പു നീ ’ഴ‘ എന്ന അക്ഷരം പഠിക്കാന്‍ കാണിച്ച താല്പര്യമില്ലേ, ആ താല്‍പ്പര്യത്തെയാണ് ശുഷ്കാന്തി എന്നു പറയുന്നതു. ഷിബു പറഞ്ഞു കൊടുത്തു.

എന്നിട്ടും ബാലന്‍ സംശയിച്ചു നിന്നു. പിന്നെ ചോദിച്ചു
പിന്നെന്തിനാ നീയും, ഇവരൊക്കെയും ഇത്രയും തലകുത്തി ചിരിക്കുന്നതു?

ഷിബുവിനു ഉത്തരം മുട്ടി.

അപ്പോഴേക്കും സ്റ്റേജില്‍ പുതിയ സന്ദര്‍ഭം വിവരിച്ചു തുടങ്ങി. അടുത്ത ചോദ്യത്തിനു മുന്‍പ് അവന്‍ ബാലന്റെ അടുക്കല്‍ നിന്നും അല്‍പ്പം മാറിനിന്നു.

ആ കഥയുടെയും ഒടുവില്‍ ബാലന്‍‌മാഷ്, മുണ്ടു മടക്കിക്കുത്തി എവിടെയൊക്കെയോ വലിഞ്ഞു കയറി കാര്യങ്ങള്‍ സാധിച്ചു തിരിച്ചിറങ്ങി. വായും പൊളിച്ചു നോക്കി നിന്ന കുട്ടികളും നാട്ടുകാരുമൊക്കെ അപ്പോഴും കണ്ടു.

ബാലന്മാഷിന്റെ ശുഷ്കാന്തി.

സദസ്സില്‍ ചിരിയുടെ മാലപ്പടക്കം. സദസ്സിലെ തമിഴനായ ബാലന്‍ മാഷിനു ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ. ബാലന്‍ കൂടെ നിന്ന എന്നോട് ആരാഞ്ഞു.

ആക്ച്വല്ലി, എന്താ ഈ ശുഷ്കാന്തി?
എന്റെ ഉത്തരവും ഷിബു പറഞ്ഞതു തന്നെ.

പിന്നെന്തിനാ നിങ്ങള്‍ പൊട്ടിച്ചിരിക്കണേ?
ന്യായമായ ചോദ്യം. പക്ഷെ ഉത്തരമില്ല.

സ്റ്റേജില്‍ പുതിയപുതിയ സന്ദര്‍ഭങ്ങളുടെ വിവരണവും, എല്ലാത്തിന്റെയും ഒടുവില്‍ മുണ്ടു മടക്കിക്കുത്തി ബാലന്മാഷ് എവിടെയൊക്കെയോ വലിഞ്ഞു കയറി കാര്യങ്ങള്‍ സാധിക്കുന്നതും, വായും പൊളിച്ചു നോക്കി നിന്ന കുട്ടികളും നാട്ടുകാരും അദ്ധ്യാപകരുമൊക്കെ ബാലന്മാഷിന്റെ ശുഷ്കാന്തി കാണുന്നതും, കാണികള്‍ അപ്പോഴൊക്കെ ആര്‍ത്തു ചിരിക്കുന്നതും കണ്ട് ബാലന്‍ സംശയത്തോടെ ഷിബുവിനെ നോക്കി നിന്നു.

പരിപാടികള്‍ കഴിഞ്ഞു. ‘ബാലന്മാഷിന്റെ ശുഷ്കാന്തിക്കഥ’ ബാലനൊഴിച്ചു എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
ഞങ്ങള്‍ റൂമിലെത്തി. ഇനി ഭക്ഷണം കഴിക്കണം.

ബാലന്‍ എല്ലാവരോടുമായി പറഞ്ഞു.
ഡേ, നമുക്കു രാജീ കളിക്കാന്‍ പോകാം?

വീണ്ടും ‘ഴ‘ യ്ക്കു പകരം ‘ള’.

‘രാജി‘ റൂമിനടുത്തുള്ള ഹോട്ടലാണ്. നല്ല പൂരിയും ചപ്പാത്തിയുമൊക്കെ കിട്ടുന്ന ഹോട്ടല്‍‌ . ഇവന്‍ ‘ഴ’ പഠിക്കാതെ ഇനിയും അധികം സംസാരിച്ചാല്‍ ആകെ പ്രശ്നമാകും. ഒടുവില്‍ ഇന്നു തന്നെ ബാലന്മാഷിനെ ‘ഴ‘ പഠിപ്പിക്കണമെന്നു ഞങ്ങള്‍ തീരുമാനമെടുത്തു.

രാത്രി എല്ലാവരും കൂടി വളരെ കഷ്ടപ്പെട്ടു ബാലന്റെ ‘കളി’ എന്നതിനെ ‘കഴി‘ എന്നതാക്കിയെടുത്തു. പഠിക്കുന്ന കാര്യത്തില്‍ ബാലന്മാഷിന്റെ ശുഷ്കാന്തി സമ്മതിക്കേണ്ടതു തന്നെ. ഒടുവില്‍ എല്ലാവരും സമാധാനത്തോടെയുറങ്ങി.

അടുത്ത ദിവസം രാവിലെ....

ഉറങ്ങാന്‍ വളരെ താമസിച്ചതിനാല്‍, ഉണരാന്‍ മടിച്ചു കിടക്കുന്ന ഞങ്ങള്‍ക്കിടയില്‍ നിന്നും ബാലന്‍ ചാടിയെണീറ്റ് എന്തൊക്കെയോ എടുത്തു പുറത്തേക്കിറങ്ങി. ഡോറിന്റെ ബോള്‍ട്ട് നീക്കുന്ന ശബ്ദം കേട്ട് ഷിബു ചോദിച്ചു.

എന്താ ബാലാ? എങ്ങോട്ടാ ഈ രാവിലെ?

“ഒന്നു കുഴിച്ചിട്ടു ഇപ്പോ വരാം“ - നല്ല ശുഷ്കാന്തിയോടെ അക്ഷരസ്ഫുടതയോടെ മറുപടി പറഞ്ഞു ബാലന്‍ നടന്നു നീങ്ങി.

രാവിലെ ഇവനിതെന്തു പറ്റിയെന്നു കരുതി ചാടിയെണീച്ച ഞങ്ങള്‍ കണ്ടതു തോര്‍ത്തും സോപ്പുമൊക്കെയായി കുളിമുറി ലക്ഷ്യമാക്കി നീങ്ങുന്ന ബാലനെയാണ്.

‘ഇനി ഇവനെ ‘ള‘ പഠിപ്പിക്കാനായിന്നത്തെ രാത്രിയും പാഴാകുമല്ലോ ഈശ്വാരാ...’- തലയില്‍ കൈവെച്ചു ഷിബുവിന്റെ ആത്മഗതം.

കൊള്ളാം, ഇനി ‘ള’ യുടെ പ്രയോഗം പഠിച്ചു കഴിയുമ്പോളവന്‍ ചോദിക്കുക “കളിച്ചിട്ടു കുഴിക്കണോ അതോ കുഴിച്ചിട്ടു കളിക്കണോ” എന്നായിരിക്കും.

ചിരിച്ചുകൊണ്ടു ഞാന്‍ വീണ്ടും പുതപ്പിനടിയിലേക്കു നീങ്ങി.

പഴയ ചില വികൃതികള്‍