ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, December 24, 2013

കോട്ടയും കാവല്‍ഭൂതവും


വല്ലപ്പോഴും ഈ റൂട്ടില്‍ വരുമ്പോഴാ നന്നായൊന്നു വണ്ടിയോടിക്കുന്നതു....
ആക്സിലറേറ്ററില്‍ കാലൊന്നുകൂടി അമര്‍ത്തിച്ചവിട്ടി കുമാറേട്ടന്റെ കമന്റ്.

തമിഴ് നാട്ടിലെ, തരിശു ഭൂമികള്‍ക്കിടയിലൂടെയുള്ള എക്സ്പ്രെസ്സ് ഹൈവേയിലൂടെ, വണ്ടി പറക്കുമ്പോള്‍, സ്പീഡോമീറ്ററിന്റെ നീഡില്‍ അതിന്റെ അതിരുകള്‍ തേടി പാഞ്ഞു... ഓരോ വലിയ പാലങ്ങളിലൂടെ വണ്ടി കയറുമ്പോഴും ഞാന്‍ താഴേക്കെത്തിനോക്കും, വെള്ളമില്ലാത്ത പുഴകള്‍... അടിയിലൂടെയൊരു നദി പോയിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലാകുന്നു ഓരോ പാലങ്ങളും. നാട്ടിലപ്പോള്‍, അടുത്ത ദിവസങ്ങളിലൊന്നില്‍ പൊട്ടാന്‍ മുട്ടിനില്‍ക്കുന്ന മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള കോലാഹലങ്ങളായിരുന്നു..

കേരളത്തിനു കിഴക്കുള്ള സ്ഥലമായതിനാലാകും, തമിഴ്നാട്ടില്‍ നേരുത്തേ നേരം പുലരും. ഞങ്ങള്‍ തൂത്തുക്കുടിയിലെത്തുന്നതിനു മുന്‍പേ സൂര്യന്‍ അവിടെത്തിയിരുന്നു. അതിനാല്‍ രാവിലേ തന്നെ മുടിഞ്ഞ ചൂട് തുടങ്ങി....

മഴ പെയ്യാന്‍ സാദ്ധ്യതയുണ്ട്....
ഒരു മേഘക്കീറു പോലുമില്ലാത്ത ആകാശം നോക്കി പ്രതീഷ്  പ്രെഡിക്ഷന്‍ തുടങ്ങി.

ഓ... പിന്നേ
എല്ലാവരുടെയും മറുപടി ഒന്നിച്ചായിരുന്നു.

പ്രതീഷിന്റെ നേതൃത്വത്തില്‍ ഡവലപ്പ് ചെയ്ത, ഒരു പ്രെഡിക്ഷന്‍ അല്‍ഗോരിതമൊക്കെയുള്ള സിസ്റ്റത്തിന്റെ ഇമ്പ്ലിമെന്റേഷനാണ് തൂത്തുക്കുടി തെര്‍മല്‍ പവര്‍ പ്ലാന്റില്‍ ചെയ്യാന്‍ പോകുന്നതു.

അളിയാ നമ്മളവിടെ ആരെയാ കാണേണ്ടതു? ഞാന്‍ തിരക്കി.
ജോനത്താന്‍’.... ജോസഫിന്റെ മറുപടി.
അല്ല, ജൊനാതന്‍.... പ്രതീഷ് തിരുത്തി.

ജൊനാതന്‍ എന്ന പേരു കേട്ടപ്പോള്‍ മനസ്സില്‍ വന്ന ആദ്യ രൂപം ഡ്രാക്കുളയെ കീഴടക്കിയ ജൊനാതന്റേതായിരുന്നു. എന്നാല്‍ ‘ജോനത്താന്‍‘ എന്നു ജോസഫ് പറയുന്നതു കേട്ടാല്‍ തോന്നും, പുള്ളി ഒരു ‘ഭൂതത്താന്‍‘ ആണെന്ന്. അപ്പോള്‍ മനസ്സില്‍ വരിക ഡ്രാക്കുളയുടെ രൂപമാണ്‌.

ഇതുവരെക്കണ്ട പ്ലാന്റുകളെല്ലാം ഓരോരോ ഭൂതത്താന്‍ കോട്ടകളായിരുന്നു... നാലഞ്ചു നിലപ്പൊക്കമുള്ള, ഉരുക്കിലും കരിങ്കല്‍ ഭിത്തികളാലും തീര്‍ക്കുന്ന ഇരുണ്ട കോട്ടകള്‍, ഒപ്പം യന്ത്രങ്ങള്‍ ഞരങ്ങുന്നതും അലറുന്നതുമായ ശബ്ദങ്ങളുടെ ഭയപ്പെടുത്തുന്ന പശ്ചാത്തലം. പാമ്പിന്റെ ശീല്‍ക്കാരം പോലെ ചീറ്റുന്ന സ്റ്റീമോ, മൂക്കു തുളച്ചുകയറുന്ന രാസവസ്തുക്കളുടെ മണമോ ഒക്കെയും കൂട്ടിനുണ്ടാവും....  ഇതും അങ്ങനെ തന്നെയാകും എന്നുറപ്പ്. ഈ കോട്ട കാക്കുന്ന ഭൂതമായിരിക്കും ഈ ജോനത്താന്‍....എന്റെ മനസ്സില്‍ ചില ഭാവനകള്‍  വിടര്‍ന്നു...

ദൂരെ, ആകാശം മുട്ടി നിന്നു പുക തുപ്പുന്ന ചിമ്മിനികള്‍ കണ്ടു തുടങ്ങി....
ഹൊ!!! ആകാശം എത്രപെട്ടെന്നാണ് ഉരുണ്ടു കൂടുന്നതു. മഴയും പെയ്തു തുടങ്ങി....
ചോരകുടിക്കുന്ന ഡ്രാക്കുളയ്ക്കു മുന്നിലേക്കു സാധുക്കളെ ആകര്‍ഷിച്ചു കൊണ്ടു പോകുന്ന ഒരു കുട്ടിഭൂതത്തെപ്പോലെ പ്രതീഷ് മന്ദഹസിച്ചു. വലിയ ഇരുമ്പു ഗേറ്റുകളും, കമാനങ്ങളുമുള്ള പ്ലാന്റിനു മുന്നില്‍ വണ്ടി ഞെരങ്ങി നിന്നു.

‘അന്ത കേരളാ വണ്ടി നല്ലാ പാത്തുങ്കോ...‘
ഏതോ കേരളാ വിരുദ്ധന്‍ സെക്യൂരിറ്റി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.... കോരിച്ചൊരിയുന്ന മഴയത്തും പോലീസ് ചുറ്റും നിരന്നു.

ചുവന്ന ബോര്‍ഡും, ഇന്ത്യാ ഗവണ്മെന്റെന്ന എഴുത്തും കണ്ടാല്‍ സാധാരണ ഒരു പ്രശ്നവുമില്ലാത്ത ആള്‍ക്കാരാണല്ലോ? ഇതു മുല്ലപ്പെരിയാര്‍ എഫക്റ്റായിരിക്കണം.  പ്രതീഷിന്റെ പരിഭവം...


ഒടുവില്‍ സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞു അകത്തേക്കു...
എവിടുന്നൊക്കെയോ അലറി വിളിക്കുന്ന ശബ്ദങ്ങള്‍.... നമ്മളൊന്നു അലറി വിളിച്ചാല്‍ കേള്‍ക്കാന്‍ ഒരാളും ഇല്ലാത്ത യന്ത്രങ്ങളുടെ ശവപ്പറമ്പുകള്‍ പോലെ.... ഭീമാകാരമായ ഇരുമ്പു കൂനകള്‍ക്കിടയില്‍ നിന്നും, കല്‍ക്കരിക്കുന്നുകള്‍ക്കിടയില്‍ നിന്നും പുറത്തെത്തുന്ന പേടിപ്പിക്കുന്ന രൂപങ്ങള്‍....

ഡേയ്.... ആദ്യം എടുത്തു വെച്ച കാലേതാ?
പ്രതീഷിന്റെ ചോദ്യം. ഭാവി ഗണിക്കാനാവണം...


ഓര്‍ത്തില്ല മച്ചൂ....., എന്തായാലും അടുത്ത ഒന്നു രണ്ട് വര്‍ഷം ഇവിടെയായിരിക്കും. അല്ലെങ്കില്‍ തന്നെ കാലന്റെ കോട്ടയിലേക്കു കാലെടുത്തു വെയ്ക്കുമ്പോള്‍ കാലുകള്‍ക്കെന്തു പ്രസക്തി? വെറുതേ ആശ്വസിച്ചു.

ഏറെ നടന്നു മടുത്താണ് മുകളിലത്തെ കണ്ട്രോള്‍ റൂമില്‍ എത്തിയതു.
ഡേയ്, ഇവിടെങ്ങും മരുന്നിനു പോലും ഒരു കിളിയെ കാണുന്നില്ലല്ലോ?
ഒന്നു വട്ടം കറങ്ങി വന്ന ജോസഫിന്റെ പരിഭവം.

സെക്യൂരിറ്റി പോസ്റ്റില്‍, പോലീസ് യൂണീഫോമില്‍ ഒരു കിളിയിരിക്കുന്നുണ്ടായിരുന്നു....
അതുവരെ മിണ്ടാതിരുന്ന അരുണ്‍ വാ തുറന്നു.

‘ടൂള്‍സും സാധനങ്ങളും ആ റൂമിലുണ്ട്...‘
മീറ്റിംഗിനു ശേഷം, താഴത്തെ നിലയില്‍ ഒരു മൂലയിലുള്ള പൂട്ടിയിട്ട ഒരു റൂമിനെ ചൂണ്ടിക്കാട്ടി ജൊനാതന്‍ താക്കോല്‍ ഞങ്ങള്‍ക്കു കൈമാറിക്കൊണ്ട് പറഞ്ഞു.

ലിഫ്റ്റില്‍ കയറിയിട്ടിറങ്ങുമ്പോള്‍ താക്കോല്‍ കറക്കിക്കൊണ്ട് ജോസഫ് എന്തോ മൂളിപ്പാട്ടു പാടുന്നുണ്ടായിരുന്നു. പൂട്ടു തുറക്കാന്‍ ശ്രമിച്ച ജോസഫ് എന്തോ കണ്ട് പേടിച്ചു പെട്ടെന്നു പിന്നോട്ട് മാറി. അകത്തെന്തോ ഒരു രൂപം മിന്നിമായുന്നതു ഡോറിന്റെ ഗ്ലാസ്സില്‍ കൂടി ഞാനും കണ്ടു...

താഴിട്ടു പൂട്ടിയ മുറിയില്‍ ഒരു സ്ത്രീരൂപം....
അഴിച്ചിട്ട കേശങ്ങള്‍... ഇടിവെട്ടു കളര്‍ സാരി.... മുല്ലപ്പൂ കമഴ്ത്തിയ തല....

തമിഴ് പ്രേതങ്ങളല്ലേ, ഇങ്ങനൊക്കെയായിരിക്കും.... ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

അതു അടുത്തേക്കു നടന്നടുത്തപ്പോള്‍ പിന്നിലേക്ക് മാറിയ ജോസഫ് എന്റെ നെഞ്ചില്‍ തട്ടി നിന്നു. അഥവാ, ഞാന്‍ ജോസഫിന്റെ പിന്നില്‍ മറഞ്ഞു നിന്നു.:)

‘തമിഴിലെങ്ങനായിരിക്കും വെറ്റിലയും ചുണ്ണാമ്പും ചോദിക്കുക?‘ എന്നു ആലോചിച്ചു ഞാന്‍ തല കുനിച്ചു നിന്നു....
പിന്നെ, കലപില ശബ്ദം കേട്ടു മുഖമുയര്‍ത്തിയപ്പോള്‍, മുന്നില്‍ ഒന്നല്ല, രണ്ടല്ല, മൂന്നു സ്ത്രീ രൂപങ്ങള്‍.....
പ്രതീഷിനോട് അവര്‍ ചിരിച്ചു കൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നു.

എനിക്കൊട്ടും അത്ഭുതം തോന്നിയില്ല. അവന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും ചില അലൌകിക ശക്തികളുടെ സാന്നിദ്ധ്യമുണ്ടോയെന്ന സംശയം എനിക്കു ഏറെ നാളായുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു കൊണ്ട് തന്നെ അവന്‍ സാധനങ്ങള്‍ റൂമിനു പുറത്തിറക്കി വെച്ചു.

ഞങ്ങള്‍ ഭയത്തോടെ, നിശ്ശബ്ദരായി നാലും പാടും വീക്ഷിച്ചു കൊണ്ട് പണി സാധനങ്ങളെടുത്തു പുറത്തിറങ്ങി.

പിന്നെ ലിഫ്റ്റിനുള്ളില്‍ കയറിയപ്പോഴാണ് ആശ്വാസമായതു. ആശ്വാസ നിശ്വാസത്തോടൊപ്പം തന്റെ ആ പഴയ മൂളിപ്പാട്ടില്‍ പുതിയ വാക്കുകള്‍ കോര്‍ത്ത് ജോസഫ് പുറത്തേക്കൊഴുക്കി....
സുന്ദരിമാരെക്കെട്ടിപ്പൂട്ടിയ ജോനത്താനെ....
നിന്റെ കോട്ടകളൊക്കെ ഇടിച്ചു തകര്‍ക്കും സൂക്ഷിച്ചോളൂ....

-തുടരും-

പഴയ ചില വികൃതികള്‍