ഈ വികൃതികളില്‍ ചിലതു എന്റേതു മാത്രം. ചിലതു എന്റേതു കൂടിയാണെന്നു മാത്രം. ഒരോന്നിനും പിന്നിലെ ദിനങ്ങള്‍ ചിലപ്പോള്‍ ആഘോഷങ്ങളുടെതായിരുന്നു, മറ്റു ചിലപ്പോള്‍ ദു:ഖങ്ങളുടേതും. എന്നാലവയെല്ലാം ഇന്നു സുഖമുള്ള ഓര്‍മ്മകള്‍ മാത്രം......

ഓര്‍മ്മകള്‍ക്കൊരു ഓര്‍മ്മപ്പെടുത്തലായി ഞാന്‍ ഈ വികൃതിയെ എന്റെ എല്ലാ കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

Tuesday, August 12, 2014

അടിയും തടവും

പുതിയ സ്കൂളില്‍, ഹൈസ്കൂള്‍ പഠനത്തിലെ ആദ്യ ദിനം.....

 'ഡാ, നെഗറ്റീവ്‌ വരുന്നുണ്ട്‌' - വരാന്തയില്‍ നിന്നൊരുവന്‍ വിളിച്ചു പറഞ്ഞു.
അതുവരെ അവിടെ കലപില കൂട്ടിയിരുന്ന കുട്ടികളെല്ലാവരും പെട്ടെന്നു നിശബ്ദരായി.

ആരാണാവോ ആ ഭീകരന്‍?
ഞാന്‍ വാതില്‍ പാളികള്‍ക്കു ഇടയിലൂടെയൊന്നു പാളിനോക്കി. 
ദൂരെ നിന്നു നടന്നടുക്കുന്ന, വെട്ടിത്തിളങ്ങുന്ന വെള്ളത്തലമുടിയും വെള്ളക്കുപ്പായവും കണ്ട്‌ ഞാന്‍ സീറ്റില്‍ വന്നിരുന്നു. സൂചി വീണാല്‍ കേള്‍ക്കാന്‍ കഴിയുന്ന നിശബ്ദത. സാര്‍ ക്ലാസ്സിലെത്തി, ചുറ്റുമൊന്നു കണ്ണോടിച്ചു. ഒടുവില്‍, എന്നെ ഒന്നിരുത്തി നോക്കിയിട്ടു ഒന്നും മിണ്ടാതെ നടന്നു പോയി.

ഇതാണ് ‘ജലീല്‍ സാര്‍’....,
നിന്നെ ഒരു വശപ്പിശക് നോട്ടം നോക്കിയിട്ടുണ്ടിഷ്ടാ.... മുന്നിലെങ്ങും ചെന്നു ചാടാതെ സൂക്ഷിച്ചോളൂ... ലൈസിയത്തില്‍ നിന്നും കിട്ടിയ അടികളൊന്നും ഒന്നുമല്ല.“.
അടുത്തിരുന്നവന്‍ എന്റെ ചെവിയില്‍ മന്ത്രിച്ചു.


രവിസാറിന്റെ ‘ലൈസിയ‘മെന്ന പരിശീലനക്കളരിയായിരുന്നു ടെക്നിക്കല്‍ ഹൈസ്കൂളിലേക്കുള്ള എന്‍‌ട്രന്‍സ് കടക്കാനുള്ള വഴി. ശിക്ഷണം എന്നാല്‍ "ശിക്ഷ ക്ഷണത്തില്‍ നടപ്പാക്കുക“ എന്നതായിരുന്നു അവിടുത്തെ രീതി. അതറിയാമായിരുന്നെങ്കിലും, അഡ്മിഷന്‍ കിട്ടിയാല്‍ സൈക്കിള്‍ വാങ്ങിത്തരാമെന്ന വീട്ടുകാരുടെ പ്രലോഭനമായിരുന്നു എന്തും സഹിക്കാനുള്ള പ്രചോദനം.

ജലീല്‍ സാര്‍....
വെറും അഞ്ചരയടിയില്‍ താഴെ പൊക്കമുള്ള, തലമുഴുവന്‍ നരച്ച, പാന്റും വെളുത്ത ഷര്‍ട്ടും അണിഞ്ഞ, എന്നെപ്പോലെ സുമുഖനും സുന്ദരനും ശാന്തശീലനുമായ ഒരാള്‍. പക്ഷെ തല്ലു കിട്ടിയാല്‍, അതാരും മറക്കില്ലത്രേ.

എന്‍‌ട്രന്‍സ് റിസള്‍ട്ടു വന്നപ്പോള്‍ ആദ്യസ്ഥാനത്തൊക്കെയുണ്ട്. അതിനാല്‍, ക്ലാസ്സില്‍ വന്ന അദ്ധ്യാപകര്‍ക്കൊക്കെ എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവുമായിരുന്നു.അതിന്റെ ഭാരം ഓരോ ക്ലാസ്സിലും കൂടി വന്നു...

പിന്നെ, അതിനെ മറികടക്കാനെന്നോണം എന്റെ യാത്ര പിന്നിലേക്കായി. 'രണ്ടക്ഷരങ്ങളെ ഒരുമിച്ചു കണ്ടാല്‍ കണ്ണടയുന്ന സ്വഭാവം' വണ്ടി വളരെ വേഗം കരക്കടുപ്പിക്കുന്നതിന്നു സഹായിച്ചു. പിന്നോട്ടുള്ള യാത്രയില്‍ എന്നെ മുന്നില്‍ നിന്നു നയിച്ച വിഷയം ഇംഗ്ലീഷായിരുന്നു. അങ്ങനെ വര്‍ഷമൊന്നു തികയും മുന്‍പെ എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ കഴിഞ്ഞതിനാല്‍, എല്ലാ സ്നേഹഭാരങ്ങളും പതിയേ ഒഴിഞ്ഞു. :)
അദ്ധ്യാപകര്‍ ക്ലാസ്സിലെത്തിയാലും ബഹളത്തിനു വലിയ കുറവൊന്നും ഉണ്ടാകാത്ത സ്കൂളില്‍, ജലീല്‍ സാറിന്റെ വെള്ള തലയും, വെളുത്ത ഷര്‍ട്ടും എവിടെങ്കിലും കണ്ടാല്‍ തന്നെ എല്ലാ ക്ലാസ്സുകളും ശാന്തമാകും. പഠിക്കാന്‍ ശ്രമിക്കാത്തതിനും, പറഞ്ഞാല്‍ കേള്‍ക്കാത്തതിനുമായിരുന്നു മര്‍ദ്ദനങ്ങള്‍. ഈ രണ്ട്‌ ശീലങ്ങളും നമുക്കു ജന്മനാ ഉള്ളതിനാല്‍ എല്ലാ ദിവസവും ജീവിതം ഹാപ്പി.

എഞ്ചിനീയറിംഗ്‌ ഡ്രായിംഗ്‌ ആയിരുന്നു ജലീല്‍ സാറിന്റെ വിഷയം. ഡ്രായിംഗ്‌ ഒരു കീറാമുട്ടിയായ കുട്ടികള്‍ ക്ലാസ്സില്‍ എപ്പോഴും ഒരുപാട്‌ ഉണ്ടാകും. അവരില്‍ ചിലരുടെ വരകള്‍ക്കു, ഒറിജിനലിനോടു വിദൂരസാമ്യം പോലും ഉണ്ടാകില്ല. അങ്ങനെയുള്ള അവസരങ്ങളില്‍, 'ഇതെന്താടാ, ബക്കിള്‍ ജോയിന്റോ അതോ പൊക്കിള്‍ ജോയിന്റോ?' തുടങ്ങിയ സാറിന്റെ ചോദ്യങ്ങള്‍ ഉള്ളില്‍ ചിരിയുണര്‍ത്തുമെങ്കിലും അനങ്ങാതെയിരിക്കും... കാരണം, അടുത്ത ഊഴം കാത്തു നമ്മളും ക്യൂവിലായിരുന്നല്ലോ?

എന്നാല്‍, ഞമ്മന്റെ ബാപ്പ ഡ്രായിംഗ്‌ മാഷായതുകൊണ്ടും, ജന്മനാ ചിത്രം വരയില്‍ ഇത്തിരി കമ്പമുണ്ടായിരുന്നതുകൊണ്ടും ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഡ്രായിങ്ങും എനിക്കു ഇഷ്ടമായി. എങ്കിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കിട്ടാനുള്ളതെല്ലാം വാങ്ങിക്കൊണ്ടെ ഞാന്‍ സ്കൂളില്‍ നിന്നും പോരാറുണ്ടായിരുന്നുള്ളൂ.
ക്ലാസ്സിലെ ഓരോ ചലനങ്ങളും അദ്ധ്യാപകര്‍ വാപ്പയെ അറിയിക്കുമായിരുന്നു. സ്കൂളിലെ സംഭവങ്ങളുടെ അലയൊലികള്‍ ഒടുവില്‍ വീട്ടില്‍ ചെന്നാണനവസാനിക്കുക. ട്യൂഷനും കളിയുമൊക്കെ കഴിഞ്ഞു ഞാന്‍ വീട്ടിലെത്തുമ്പോള്‍ വാപ്പ വീട്ടിലുണ്ടാകും. കൂടുതല്‍ സ്നേഹത്തോടെ ഭക്ഷണത്തിന്നു മുന്നില്‍ ഒന്നിച്ചിരിക്കാന്‍ നിര്‍ബന്ധിച്ചാല്‍, "ഇന്നു ഞാന്‍ ഏതോ കുറ്റം ചെയ്തുവെന്നു" എനിക്കു മനസ്സിലാകും.

വളരെ ശാന്തനായി, അരികത്തു പിടിച്ചിരുത്തി, എന്റെ ഇഷ്ട വിഭവമായ പൊരിച്ചമീനൊന്നു അധികം തന്നാണു വാപ്പ എപ്പോഴും ഗുണദോഷിക്കല്‍ ആരംഭിക്കുക. പലപ്പോഴും വിഷയം വ്യക്തമായി പറയാതെ ചില സാരോപദേശ കഥകള്‍ പറഞ്ഞു പോകും. ചെയ്ത കുറ്റം തേടി അന്നത്തെ ക്ലാസ്സുകളിലൂടെല്ലാം ഞാന്‍ ഓര്‍മകളിലൂടെ കടന്നു പോകും. അങ്ങനെ എനിക്കു പറഞ്ഞുതന്ന കഥകളുടെ നാലിലൊന്നു പോലും, എന്റെ മുതിര്‍ന്ന മൂന്നെണ്ണത്തിനു വാപ്പ പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല. അതാണെനിക്കു കിട്ടിയ ഭാഗ്യം :)

ഒന്നും മനസ്സിലായില്ലെങ്കിലും, എല്ലാം മനസ്സിലായെന്ന ഭാവത്തില്‍ ഞാന്‍ തലയാട്ടിയിരിക്കും. 'മകന്‍ നന്നായി' എന്ന സമാധാനത്തില്‍ വാപ്പ അന്നു സ്വസ്ഥമായി ഉറങ്ങും.

എന്നാല്‍, എല്ലാം പാഴായി എന്നു ഞാന്‍ അടുത്ത ദിവസം തന്നെ സ്കൂളില്‍ചെന്നു തെളിയിക്കുകയും, ജലീല്‍ സാര്‍ അവിടെ വെച്ചു മാതൃകാ പരമായി ശിക്ഷ തരികയും ചെയ്യും. വൈകുന്നേരം പതിവു തെറ്റാതെ വാപ്പ ഉപദേശ ഗുളിക തരികയും (അ)സ്വസ്ഥമായി ഉറങ്ങുകയും ചെയ്തുപോന്നു.

അതിനിടയിലൊരു പരീക്ഷാക്കാലമെത്തി. എത്ര നന്നായി കാണാതെ പഠിച്ചാലും ഇംഗ്ലീഷ് വിഷയത്തിലെ ഉത്തരങ്ങളുടെ ആദ്യഭാഗം മറന്നുപോകുന്നു. ആദ്യഭാഗം ഓര്‍മവന്നില്ലെങ്കില്‍, അതിന്റെ തുടര്‍ച്ചയും തഥൈവ. ഒരിക്കലും മെരുങ്ങാത്ത ഇംഗ്ലീഷില്‍ ഇത്തവണയെങ്കിലും മാന്യമായ മാര്‍ക്ക്‌ കണ്ടെത്തണമെന്നുള്ള ആഗ്രഹം മനസ്സില്‍ മുളപൊട്ടി. അതിനാല്‍ ക്ലാസ്സിലെ ചില കോപ്പിയടി വിദഗ്ദ്ധന്മാരുടെ സഹായം തേടി. ‘ഇത്ര സിമ്പിളായ വേറൊരു പരിപാടിയുമില്ല‘ എന്ന മുഖവുരയോടെ ആ മാജിക്കിന്റെ ചില പൊടിക്കൈകള്‍ അവര്‍ പറഞ്ഞു തരികയും ചെയ്തു.

അങ്ങനെ ജീവിതത്തിലാദ്യമായി, ചില ഉത്തരങ്ങളുടെയും ആദ്യ വരികള്‍ ചെറുതാക്കി എഴുതി, സുന്ദര സ്വപ്നങ്ങളുമായി പരീക്ഷക്കു കയറി. ഇടക്കു വരാന്തയിലൊരു വെളിച്ചം. ഞാന്‍ പരീക്ഷാ പേപ്പറില്‍ നിന്നും തലപൊക്കി നോക്കി. വെള്ളത്തലമുടിയും വെളുത്തഷര്‍ട്ടുമണിഞ്ഞൊരു ഇടിമിന്നല്‍ വരാന്തയിലൂടെ പോയി. അതു കണ്ട് ഞാന്‍ വിയര്‍ത്തും പോയി. മുഖം തുടക്കാന്‍ പോക്കറ്റില്‍ നിന്നും തുണിയെടുത്തപ്പോള്‍ തുണ്ടു പേപ്പര്‍ പിടഞ്ഞു താഴെ വീണും പോയി. പരിഭ്രമിച്ചു താഴെവീണ പേപ്പറില്‍ നോക്കിയപ്പോള്‍, ക്ലാസ്സില്‍ നിന്ന ടീച്ചറും കൂടെ നോക്കി.

ശുഭം. പരീക്ഷ കഴിഞ്ഞു

അത്രയും നാള്‍ അടി സ്കൂളിലും ഉപദേശം വീട്ടിലുമായിരുന്നു. ഇക്കാര്യത്തില്‍ സ്കൂളിലും വീട്ടിലും ആദ്യം അടി തന്നെയായിരുന്നു. പിന്നെ, അത്താഴത്തോടൊപ്പവും അതുകഴിഞ്ഞു പാതിരാവു വരെയും വാപ്പ ഉപദേശിച്ചു കൊണ്ടും, ഞാന്‍ പതിവുപോലെ തലയാട്ടിക്കൊണ്ടുമിരുന്നു. എങ്കിലും അന്നത്തെ ഉപദേശത്തിനെന്തായാലും ഫലമുണ്ടായി.

അന്നു ഞാനൊരു തീരുമാനമെടുത്തു.

“ഇനി പരിശീലനം നടത്താതെ ഒരു മാജിക്കും നടത്തില്ല “

പിന്നെയും വിവിധ കാരണങ്ങളാല്‍ സ്കൂളില്‍ വെച്ചു തല്ലു കിട്ടുകയും, അത്താഴത്തിനു ഉപദേശങ്ങള്‍ക്കൊപ്പം വറുത്തമീനൊന്നു അധികം കിട്ടുകയും ചെയ്തു പോന്നു.
                                          
ഒരു കാര്യം പറയാന്‍ മറന്നു പോയി....
സ്കൂളിലെ തെറ്റുകള്‍ക്കു എന്നെ അവിടെവെച്ചു അടിക്കുകയും, വീട്ടില്‍ വെച്ചു ഉപദേശിക്കുകയും ചെയ്തിരുന്നത്‌ ഒരാള്‍ തന്നെയായിരുന്നു.  :)

No comments:

പഴയ ചില വികൃതികള്‍